മൂവാറ്റുപുഴ: തൊടുപുഴ വിമല പബ്ലിക് സ്കൂളിൽ നടന്ന മധ്യകേരള സിബിഎസ്ഇ സ്കൂൾ കലോത്സവത്തിൽ 938 പോയിന്റ് നേടി ഹാട്രിക് വിജയം സ്വന്തമാക്കിയ മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂളിന് അനുമോദനം. രണ്ടാം തവണയാണ് സ്കൂൾ ഹാട്രിക് ചാന്പ്യൻഷിപ്പ് കരസ്ഥമാക്കുന്നത്. രചനാമത്സരങ്ങളിൽ എല്ലാ വിഭാഗത്തിലും സ്കൂൾ ചാന്പ്യന്മാരായി.
സ്റ്റേജിനങ്ങളിൽ 3, 4 കാറ്റഗറികളിലും കാറ്റഗറി ഇതര വിഭാഗത്തിലും ഒന്നാം സ്ഥാനം നേടിയ കാറ്റഗറി രണ്ടിൽ ഒരു പോയിന്റ് വ്യത്യാസത്തിലാണ് നിർമലയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായത്. ബാൻഡ് ഡിസ്പ്ലേ മത്സരത്തിൽ തുടർച്ചയായ നാലാം തവണയും സ്കൂൾ ജേതാക്കളായി. 2011 മുതൽ 2014 വരെ തുടർച്ചയായി ചാന്പ്യൻഷിപ്പ് നിലനിർത്തിയ സ്കൂൾ 2023 മുതൽ വീണ്ടും നേട്ടം തുടരുകയാണ്.
കഴിഞ്ഞ ഒന്നര ദശാബ്ദത്തിനുള്ളിൽ നടന്ന സെൻട്രൽ കേരള സഹോദയ കലോത്സവങ്ങളിലെല്ലാം ആദ്യത്തെ മൂന്നു സ്ഥാനങ്ങളിൽ നിർമല പബ്ലിക് സ്കൂൾ ഇടം നേടിയിരുന്നു. രക്ഷാകർത്താക്കളുടെ സഹകരണവും പ്രോത്സാഹനവുമാണ് ഇതിനു പിന്നിലെന്ന് പ്രിൻസിപ്പൽ ഫാ. പോൾ ചൂരത്തൊട്ടി പറഞ്ഞു. വൈസ് പ്രിൻസിപ്പൽ ഫാ. ആന്റണി ഞാലിപ്പറന്പിൽ, ഹെഡ് മിസ്ട്രസ് സിസ്റ്റർ ദീപ്തി റോസ്, അധ്യാപകരായ ജിൻസി ജോർജ്, അന്നമ്മ മാത്യു, കെ.എസ്. സുഷ്, എം.എസ്. രജനി, അനിത ആന്റണി, ജോബിൻ
അലക്സ്, മാത്യൂസ് കുര്യൻ, സോനു സത്യൻ എന്നിവരുടെ നേതൃത്വത്തിലാണ് കലോത്സവത്തിനെത്തിയത്. സഹോദയ കലോത്സവത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് നവംബർ 12മുതൽ 15 വരെ കോട്ടയം ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ നടക്കുന്ന സിബിഎസ്ഇ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാം.
സംസ്ഥാനകലാമേളയിൽ 33 വ്യക്തിഗത ഇനങ്ങളിലും എട്ട് ഗ്രൂപ്പിനങ്ങളിലും സംസ്ഥാനതലത്തിലേക്ക് സ്കൂൾ യോഗ്യത നേടിയിട്ടുണ്ട്. കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന സമ്മേളനത്തിൽ പിടിഎ പ്രസിഡന്റ് ജെയ്ബി കുരുവിത്തടം, സ്കൂൾ ലീഡർമാരായ റിച്ചാർഡ് കെ. റോൾസണ്, എസ്. ഗൗരികൃഷ്ണ എന്നിവർ പ്രസംഗിച്ചു.
കലോത്സവത്തിൽ പങ്കെടുത്ത വിദ്യാർഥികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും രക്ഷാകർത്താക്കളെയും മാനേജ്മെന്റും പിടിഎയും അനുമോദിച്ചു.